മരം……

മനുഷ്യനായി ജീവിച്ച്‌ മടുത്തു 
മരമായി പുനർജ്ജനിച്ചിരുന്നെങ്കിൽ
കടയ്‌ക്കൽ കത്തി വീഴുന്നിടത്തോളം കാലം
തണൽ വിരിക്കാമായിരുന്നു.

Advertisements

പ്രഥമശുശ്രൂഷ…………….

പ്രഥമശുശ്രൂഷ……..
സ്‌കൂൾ പഠനകാലത്ത്‌ പയ്യന്റെ ഇടം കൈയും,വലംകൈയുമായിരുന്നു നാരായണൻ.വെറും നാരായണനല്ല പാമ്പ്‌ നാരായണൻ.

മൂന്നാം തവണയും ഒൻപതാം ക്ലാസിൽ തുടരാൻ സാധിച്ചതിൽ നാരായണൻ അതീവ സന്തുഷ്ടനായിരുന്നു.പരീക്ഷാ ഹോളിലിരുന്നു അവേശത്തിന്‌ കോപ്പിയടിച്ചത്‌ വിനയാകുമോയെന്ന് ഒരാധിയുണ്ടായിരുന്നു.പത്താം ക്ലാസിൽ കയറിയാൽ ജയിച്ചാലും തോറ്റാലും സ്‌കൂളുവിട്ടു പോണം.അത്‌ നാരായണന്‌ സ്വപ്നത്തിൽ പോലും ചിന്തിക്കാവുന്നതായിരുന്നില്ല.

വർഷങ്ങളായി ഒരേ ക്ലാസിൽ പഠിക്കുന്നത്‌ കൊണ്ട്‌ നാരായണന്റെ മാതാപിതാക്കളോ,അധ്യാപകരോ നാരായണനെ ഒരു ഈർക്കിൽ കൊണ്ടു പോലും ദ്രോഹിച്ചിട്ടില്ല,ഒരു പഴിയും പറഞ്ഞിട്ടുമില്ല.
അടിസ്ഥാന പ്രശ്നം ഉച്ചക്കഞ്ഞി മുടങ്ങുന്നതാണെങ്കിൽ കൂടി സ്‌കൂളിൽ നാരായണനുള്ള അംഗീകാരവും,പ്രശസ്തിയും വേറൊരിടത്തും കിട്ടില്ല എന്ന് പുള്ളിക്കുറപ്പായിരുന്നു.സ്‌കൂളിന്റെ ജീവനാഡിയായിരുന്ന് കക്ഷി.പയ്യന്‌ വരെ ആരാധന തോന്നുന്ന വ്യക്തി.അസംബളിക്ക്‌ മണിയടിക്കുന്നതു മുതൽ മൈക്‌ൿസെറ്റ്‌ പിടിപ്പിക്കുന്ന പണി വരെ,അതുകഴിഞ്ഞാൽ ഉച്ചക്കഞ്ഞി വെയ്‌ക്കാൻ സഹായിക്കണം,വിറകുവെട്ടേണ്ടി വന്നാൽ വെട്ടണം.ചോക്ക്‌ തീർന്നുപോയാൽ വാങ്ങണം,കുട്ടികളു വല്ലതും തലകറങ്ങി വീണാൽ വീട്ടിൽ കൊണ്ടാക്കണം,സാറന്മാരുടെ അഭാവത്തിൽ ഒരു പീരീഡക്കൊ വേണമെങ്കിൽ പുട്ടുപോലെ കൈകാര്യം ചൈയും.
ഫലം ഇച്ഛിക്കാതെ കർമ്മം ചൈയ്യുക എന്ന അടിസ്ഥാന തത്വത്തിൽ ഊന്നിയുള്ള പ്രവർത്തനം.കഞ്ഞിപ്പുരയായിരുന്നു സ്ഥിരം താവളം.കഞ്ഞി വേവുന്നതിനുമുന്നെ തന്നെ ഒരു തൂക്കുപാത്രം നിറയെ കഞ്ഞി കുടിക്കും.ഒരു പാത്രം നിറയെ കഞ്ഞിയും പയറും എടുത്ത്‌ തുണിസഞ്ചിയിൽ പൊതിഞ്ഞ്‌ കഞ്ഞിപ്പുരയുടെ മൂലയിൽ ഒളിപ്പിച്ച്‌ വെച്ചിട്ടാണ്‌ ഉച്ചയ്‌ക്ക്‌ കഞ്ഞി വിളമ്പാൻ ഇറങ്ങുക.എല്ലാവരും കഞ്ഞികുടിച്ചിട്ടും കഞ്ഞി ബാക്കിവന്നാൽ കൂട്ടുകാരുടെ ആരുടെയെങ്കിലും പാത്രം കടം വാങ്ങി പിന്നെയും കഴിക്കും.ഇതായിരുന്ന് പതിവ്‌.
ഇത്രയും കഴിഞ്ഞാൽ സൈക്കിളെടുത്ത്‌ തുണിസഞ്ചിയുമായി നിന്ന് ചവുട്ടി ഒരുപോക്കാണ്‌.തൂറാൻ മുട്ടിയിട്ടുള്ള പോക്കാണെന്നാണ്‌ എല്ലാവരും പറഞ്ഞിരുന്നത്‌.എന്നാൽ കഞ്ഞി വീട്ടിലെത്തിക്കാനുള്ള പോക്കായിരുന്നു എന്ന് പിന്നീടാണ്‌ പുടികിട്ടിയത്‌.
മലയാളവും,ബയോളജിയുമായിരുന്നു ഇഷ്‌ടവിഷയങ്ങൾ.അങ്ങിനെയിരിക്കെയാണ്‌ നായർ സാറിനു പകരം അമ്മിണിടീച്ചർ ബയോളജിയുമായി രംഗപ്രവേശം ചൈയ്തത്‌.വർഷങ്ങളായി നായർസാറിന്റെ റിപ്പീറ്റഡ്‌ ടെലിക്കാസ്റ്റ്‌ കേട്ട്‌ ബോറടിച്ചിരുന്ന നാരായണൻ കഞ്ഞിപ്പുരവരെ വെടിഞ്ഞ്‌ ക്ലാസിൽ പ്രവേശിച്ചു.
പുതിയതെന്തെങ്കിലും പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായിട്ടാണ്‌ ക്ലാസിലെത്തിയെത്ത്‌.പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്‌ പ്രഥമശുശ്രൂഷ പാഠമാണ്‌ എടുക്കുന്നത്‌.
പാമ്പ്‌ കടിച്ചാൽ എന്താണ്‌ പ്രഥമശുശ്രൂഷ.നാരായണന്‌ പുല്ലുപോലെ അറിയാവുന്ന കാര്യം.ഏതായാലും ക്ലാസിൽ കയറിയതല്ലെ.കഴിയട്ടെ..നാരായണൻ സമാധാനിച്ചു.
മുറിവു കഴുകേണ്ടതിന്റെയും,മുറിവിനു മുകളിൽ തോർത്തുമുണ്ട്‌ കൊണ്ട്‌ വരിഞ്ഞു കെട്ടുന്നതിന്റെയുമെല്ലാം പ്രാധാന്യം അമ്മിണിടീച്ചർ ഘോരഘോരം വായിട്ടലച്ചു.
അപ്പോഴാണ്‌ നാരായണന്‌ ആ സംശയമുണ്ടായത്‌…
അപ്പൊ ടീച്ചറെ തലയിലാണ്‌ കൊത്തുകൊണ്ടതെങ്കിലോ?
നാരായണന്റെ തികച്ചും ന്യായമായ ചോദ്യത്തിൽ ഒന്നു വിരണ്ടെങ്കിലും അമ്മിണിട്ടീച്ചർ പറഞ്ഞു.
“തലയിൽ കടിച്ചാൽ നീയങ്ങ്‌ ചത്തുപൊക്കോ…”
           ———————-
വരിക്കൻ……

ഈയൽ……….

നിമിഷങ്ങൾ മാത്രം പാറിപ്പറന്ന്
നിദ്രയിലേയ്‌ മടങ്ങിയ നമ്മൾ
ഉള്ളിലൊളിപ്പിച്ച സ്വപ്നങ്ങൾ പിന്നെയും 
മണ്ണിന്റെ മടിത്തട്ടിൽ
പുനർജ്ജനിച്ചുകൊണ്ടിരുന്നു.

ഫീലിംഗ്‌സ്‌……..

നല്ല മഴയുള്ള സമയത്ത്‌ മരത്തിന്റെ മണമുള്ള പഴയ വീടിന്റെ വരാന്തയിൽ,അപ്പന്റെ ചാരുകസേരയിൽ ചാഞ്ഞിരുന്ന് വായിച്ചുകൊണ്ടിരുന്ന പുസ്തകം നെഞ്ചിൽ മടക്കിവെച്ച്‌ മഴയുടെ താളത്തിനൊപ്പം, പുസ്തകത്തിലെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ആ ഫീലൊന്നും ഒരു വിസ്‌കിയും തന്നിട്ടില്ല.

ജനൽ 

മരത്തിന്റെ അഴികളായിരുന്നു ആ ജനാലയ്‌ക്ക്‌.മഴ പെയ്യുംബോൾ കാറ്റടിച്ച്‌ അഴികളിൽ വഴുക്കലുണ്ടായി.അതിലൂടെ മഴയുടെ കാഴ്ച്ച അയാളിൽ സങ്കടമുണ്ടാക്കി.അപ്പോഴും കട്ടിലിലിരുന്ന് മുഖമമർത്തി അവൾ കരയുന്നുണ്ടായിരുന്നു.അവൾക്ക്‌ മണ്ണിന്റെ ഗന്ധവും,അവളുടെ തേങ്ങലുകൾക്ക്‌ മഴയുടെ താളവുമായിരുന്നു.

പ്രതീക്ഷ…

മണ്ണിൽ അലിയാത്ത ദേഹമില്ലെന്നറിഞ്ഞു ഞാൻ
അഗ്നിയെരിക്കാത്ത മജ്ജയില്ലെന്നറിവിലും
അസ്വസ്ഥമാം മനസിനെ മറവിയിൽ മയക്കി
നാളെയുടെ പുലർച്ചതൻ സ്വപ്നവും പുണർന്നു ഞാൻ നിദ്രയെ പുൽകി.

പുണ്യാളൻ……..

‘വാമനജയന്തി’നമ്മള്‌ ക്രിസ്ത്യാനികൾക്ക്‌ വമ്പൻ സാധ്യതയാണ്‌ തുറന്നുകിട്ടിയിരിക്കുന്നത്‌.കൊന്നവർക്കും,കൊല്ലാൻ കൂട്ടുനിന്നവർക്കുമെല്ലാം ഇത്രമാത്രം സ്‌കോപ്പുണ്ടെന്ന് ഇപ്പോഴല്ലെ മനസിലായത്‌.ഇനിയിപ്പോൾ യൂദാസിനെ ‘പാപികളുടെ പുണ്യാളൻ’എന്നു നാമകരണം ചൈയ്‌ത്‌ “യൂദാസിന്റെ പശ്ചാത്താപ ദിന തിരുനാൾ”എന്നപേരിൽ പുതിയ പരിപാടി സംഘടിപ്പിക്കാവുന്നതാണ്‌.’കൊടും പാപികൾക്ക്‌ പശ്ചാത്താപിക്കാനൊരു സുവർണ്ണാവസരം’ എന്ന് പറഞ്ഞ്‌ പോസ്റ്ററുമടിക്കാം.പശ്ചാത്തപിക്കാൻ വിർപ്പുമുട്ടിനിൽക്കുന്ന ഇത്രയും പാപികളുള്ളപ്പോൾ ഉറപ്പായും ആളുകയറും. പുതിയ പുണ്യാളന്മാരൊന്നും പഴയപോലെ ഏശുന്നുമില്ല.യൂദാസാകുംബോൾ പഴയ ആളല്ലെ ചിലപ്പോൾ ഏറ്റാലോ..?
മാത്രമല്ല…പതിയെ പതിയെ പീലാത്തോസിനെയും,ബറാബാസിനെയുമെല്ലാം കളത്തിലിറക്കുകയുമാകാം.
ഈ ഐഡിയ എങ്ങാനും ഹിറ്റായി പത്തുകാശുണ്ടായാൽ,കുറച്ച്‌ ചില്ലറ നമ്മുക്കും തരണം.ഒരു കുടുംബം രക്ഷപെടുമല്ലൊ.കുടുംബം രക്ഷപെടുംബോൾ ആണെല്ലൊ ഇടവക രക്ഷപെടുന്നത്‌.